കോഴിക്കോട്: സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ സ്ഥാനത്ത് 'ഭാരതം' എന്ന പേര് മാത്രം മതിയെന്ന എൻ.സി.ഇ.ആർ.ടിയുടെ ശുപാർശ കേരള സർക്കാർ തള്ളിയതിൽ പ്രതികരണവുമായി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി. സിലബസ് പരിഷ്‌കരണത്തോട് സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വിഡ്ഢിത്തമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

'ദേശീയ പരീക്ഷകളെല്ലാം പ്‌ളസ്ടു എൻ.സി.ഇ.ആർ.ടി അടിസ്ഥാനമാക്കിയുള്ളതാണ്. കേരളത്തിലെ കുട്ടികൾ ദേശീയ മത്സരപരീക്ഷകളിൽ പിന്നോട്ട് പോകുന്ന സ്ഥിതിയാണുള്ളത്. പണ്ട് കമ്പ്യൂട്ടറിനെ എതിർത്തതുപോലുള്ള വിവരക്കേടാണ് സംസ്ഥാന സർക്കാരിന്റേത്'- അബ്ദുല്ലക്കുട്ടി വിമർശിച്ചു. ഫറോക്ക് ചെറുവണ്ണൂർ എ ഡബ്‌ള്യൂ എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹാൻഡികാപ്ഡ് യൂണിയൻ ഉദ്ഘാനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഇന്ത്യയുടെ സ്ഥാനത്ത് ഭാരതം എന്ന് മതിയെന്ന്എൻ.സി.ഇ.ആർ.ടിയുടെ സാമൂഹ്യ ശാസ്ത്ര സമിതിയാണ് ശുപാർശ നൽകിയത്. സംഘപരിവാറിന്റെ വ്യാജചരിത്ര നിർമ്മിതിയെ വെള്ള പൂശുകയാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക സമിതി ചെയ്യുന്നതെന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.