പത്തനംതിട്ട: രാത്രിയിൽ റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട് കൃഷ്ണവിലാസത്തിൽ പ്രസാദിന്റെ മകൻ അതുൽ പ്രസാദ് (24) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഏഴിന് ഓമല്ലൂർ-ഇലന്തൂർ റോഡിൽ പ്രക്കാനം വലിയ വട്ടത്ത് വച്ചായിരുന്നു സംഭവം.

റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ അതുൽ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന നാട്ടുകാർ റോഡിൽ തെങ്ങ് കിടക്കുന്ന വിവരം വിളിച്ചു പറയുന്നുണ്ടായിരുന്നുവെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കേട്ടില്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ അതുലിനെ ഉടനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ നിന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 10 മണിയോടെ മരിച്ചു. പിതാവ് കൊച്ചാലുംമൂട്ടിൽ റിങ് വർക്ക്സ് നടത്തുകയാണ് . മാതാവ്: അമ്പിളി. സഹോദരൻ: അഖിൽ.