തൊടുപുഴ: പിതാവ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പത്തു വയസുകാരൻ മരിച്ചു. ഉടുമ്പന്നൂർ പനച്ചിക്കൽ സുനീറിന്റെ മകൻ മുഹമ്മദ് ഷഫ്ഹാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെ ഉടുമ്പന്നൂർ-കരിമണ്ണൂർ റൂട്ടിനു സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നടക്കുന്ന എക്‌സിബിഷൻ കണ്ടു മടങ്ങവേയാണ് അപകടം ഉണ്ടായത്.

റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിക്കാൻ ഡ്രൈവർ ഓട്ടോ വെട്ടിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ സംഘത്തിലെ കുട്ടിയാണ് റോഡ് മുറിച്ചു കടന്നത്. ഈ കുട്ടിയെ ചെറുതായി തട്ടിയ ഓട്ടോ റോഡിൽ വട്ടം മറിഞ്ഞു. ഇതോടെ മുഹമ്മദ് ഷഫ്ഹാൻ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ ഓടിച്ചിരുന്ന സുനീറിനും വാഹനം മുട്ടിയ കുട്ടിക്കും പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുമ്പന്നൂർ പാറേക്കവല എൽപി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഫ്ഹാൻ. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം കബറടക്കം പാറേക്കവല മുഹിയദ്ദീൻ ജുമാ മസ്ജിദിൽ നടത്തി.സഹോദരി ഷഫ്‌സ.