ആലപ്പുഴ: ആലപ്പുഴ മാരന്‍കുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. രാത്രി ഒന്‍പതരക്ക് ശേഷമാണ് അപകടമുണ്ടായത്. കലവൂര്‍ പ്രീതികുളങ്ങര ഭാഗത്താണ് സംഭവം. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. അവരില്‍ 2 പേരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം രജീഷ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്തു എന്നിവര്‍ക്കാണ് ദാരുണാന്ത്യം.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍ അമിതവേഗതയിലായിരുന്നുവെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. വാഹനം മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ട് പേര്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.