മലപ്പുറം: മലപ്പുറം തിരൂർ പുറത്തൂരിൽ രണ്ട് വയസ്‌കാരൻ തോട്ടിൽ വീണ് മരിച്ചു. പുറത്തൂർ സ്വദേശി കുരിയൻ ഹൗസിൽ സന്ദീപ് സവിത ദമ്പതികളുടെ മകൻ ശിവരഞ്ചനാണ് തിങ്കളാഴ്ച രാവിലെയോടെ വീടിനു സമീപത്തെ തോട്ടിൽ വീണ് മരിച്ചത്. കുട്ടി തോട്ടിൽ മുങ്ങിതാഴുന്നതു കണ്ട പ്രദേശവാസികളാണ് കുട്ടിയെ കരക്കെത്തിച്ചത്.

തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും .ശ്രീനിക,ശിവാമൃത എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ മലപ്പുറം ജില്ലയിൽ മുങ്ങിമരണങ്ങളും, അപകടങ്ങളും വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അവധിദിവസം ആഘോഷിക്കാൻ പാറമടയിൽ കുളിക്കാനെത്തിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചത് കഴിഞ്ഞ ആഴ്‌ച്ചയാണ്. മലപ്പുറം ഇരുമ്പുഴി വടക്കുമുറി പാറമടയിലുണ്ടായ അപകടത്തിൽ കോട്ടക്കൽ പൂവൻചിനയിലെ കോട്ടയിൽ കുഞ്ഞാലിയുടെ മകൻ കെ. നാദിസ് അലി(19)യാണ് മരിച്ചത്. വടക്കുമുറി ബ്രാഞ്ച് മഅ്ദിൻ ദ -അവ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. വടക്കുമുറി ബ്രാഞ്ച് ജുമാമസ്ജിദിന്റെ സമീപത്ത് പ്രവർത്തനം നിർത്തിയ ഏകദേശം 10 സെന്റ് ഓളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്നതും ,ഏകദേശം 30 അടി വെള്ളം നിറഞ്ഞതും ഒരു ഭാഗം 100 അടിയോളം ഉയരവുമുള്ള പാറമടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്.