ഇടുക്കി: അടിമാലി കൊമ്പൊടിഞ്ഞാലിൽ വീടിനുസമീപത്തെ പാറക്കുളത്തിൽ വീണ മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങിമരിച്ചു.

കൊമ്പൊടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആന്മരിയ (12), അമേയ (7) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (55) യുമാണ് മരണപ്പെട്ടത്. പണിക്കൻ കുടി സർക്കാർ സ്‌കൂളിലാണ് കുട്ടികൾ പഠിക്കുന്നത്.

കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽപെട്ടത്. അപകടസമയത്ത് മറ്റാരും പരിസരത്ത് ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.

ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ. അടിമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.