രാജാക്കാട് : വിനോദ യാത്ര സംഘത്തിൽ ഉൾപ്പെട്ട യുവാവ് മുതിരപ്പുഴയാറിൽ മുങ്ങിമരിച്ചു. എല്ലക്കൽ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയായിരുന്നു അപകടം. തിരുപ്പൂർ ആമിന അപ്പാർട്ടമെന്റ് അബ്ദുൾ കരീമിന്റെ മകൻ അബ്ദുല്ല(25) ആണ് മരിച്ചത്.

ചെന്നൈയിലെ ഐടി കമ്പനിയിൽ നിന്നുള്ള11 അംഗ വിനോദ യാത്ര സംഘത്തിലെ അംഗമായിരുന്നു ഈ മാസം 2 നാണ് അബ്ദുല്ല ഉൾപ്പെട്ട യാത്ര സംഘം കേരളത്തിലെത്തിയത്.

മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങിയ സംഘം എല്ലക്കൽ പാലത്തിന് സമീപം വാഹനം നിർത്തി കുളിക്കാനിറങ്ങി. അബ്ദുല്ല കാൽ വഴുതി വെള്ളത്തിൽ വീണു. കയത്തിൽ വീണ അബ്ദുല്ലയെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ജെയിംസ് രക്ഷപെടുത്തി കരയിലെത്തിച്ചു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് (ഞായർ) ബന്ധുക്കൾക്ക് വിട്ടു നൽകും. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.