കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെ ചെറുകുന്നിൽ വാഹനാപകടത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് അദ്ഭുതകരമായി. ചെറുകുന്ന് പള്ളിച്ചാലിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ സ്റ്റീൽ പൈപ്പുമായി എതിരെ വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ യുവാവിനെ കണ്ടു സഡൻ ബ്രേക്കിടുകയായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ചുവീണ സ്റ്റീൽ പൈപ്പ് ദേഹത്ത് വീഴാതെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാഹനം യുവാവിന്റെ ദേഹത്ത് തട്ടിയെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. കോഴിക്കോട് സ്വദേശിയായ യുവാവാണ് സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ജോലിസംബന്ധമായ ആവശ്യത്തിന് ചെറുകുന്നിലെത്തിയതായിരുന്നു യുവാവ്.

പഴയങ്ങാടി ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാതൊരു സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് വാഹനത്തിൽ സ്റ്റീൽ പൈപ്പുകൾ കൊണ്ടു പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തൊട്ടടുത്ത കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവാവ് അതിവേഗം ഒഴിഞ്ഞുമാറിയതിനാലാണ് തലനാരിഴയ്്ക്ക് ദുരന്തമൊഴിവായത്. ഇയാളുടെ കാലുകൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ചു കണ്ണപുരം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.