മൂവാറ്റുപുഴ: നോമ്പുതുറക്കുള്ള വിഭവങ്ങൾ വാങ്ങാൻ പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. പോത്താനിക്കാട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആയ മടക്കത്താനം കൊച്ചങ്ങാടി തോട്ടുങ്കൽപീടിക അബ്ദുൾ കരീം, ബീവി ദമ്പതികളുടെ മകൻ നജീബ് ടി.എ (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു ദുരന്തം.

വീടിന് സമീപമുള്ള മുവാറ്റുപുഴ- തൊടുപുഴ സംസ്ഥാനപാതയിലെ മടക്കത്താനം മൊഹിയുദ്ദീൻ പള്ളിയുടെ മുൻപിലെ തട്ടുകടയിൽ പലഹാരങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു നജീബ്. ഈ സമയം മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നജീബിനെ നാട്ടുകാർ ചേർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. തട്ടുകട നടത്തിപ്പുകാരായ റഫീഖ് (36) മുഹമ്മദ് അഷ്‌കർ (21) എന്നിവർക്കും പരുക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിയമനം. മൂവാറ്റുപുഴ ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡി.വൈ.എസ്‌പി മധു ബാബു, പോത്താനിക്കാട് സർക്കിൾ ഇൻസ്‌പെക്ടർ പി.എച്ച്. സമീഷ്, വാഴക്കുളം എസ്‌ഐ എൽദോ പോൾ തുടങ്ങിയവർ സ്ഥലത്തെത്തി മേൽ നടപടികൾക്ക് നേതൃത്വം നൽകി.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ പത്തരയോടെ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കബറടക്കം നാളെ രണ്ട് മണിക്ക് വെങ്ങല്ലൂർ വലിയ വീട്ടിൽ പള്ളിയിൽ. ഭാര്യ: ജാസ്മിൻ. പ്ലസ് ടു വിദ്യാർത്ഥിയായ ആദിൽ, ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആൻസിയ എന്നിവരാണ് മക്കൾ.