കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയ പാതയിലെ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഐ.സിഐ.സിഐ ബാങ്ക് ജീവനക്കാരൻ മരണമടഞ്ഞു. മാഹി പള്ളൂർ സദേശി പുതിയ പറമ്പത്ത് ഹൗസിൽ ശ്രീലേഷാ (31) മരിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെ 8.45 നാണ് അപകടം. രാവിലെ പള്ളൂരിലെ വീട്ടിൽ നിന്നും കണ്ണൂരിലെ ബാങ്കിലേക്ക് വരുമ്പോഴാണ് അപകടം.

കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലേഷിനെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളൂർ സ്വദേശിനി അതുല്യയാണ് ഭാര്യ.

കഴിഞ്ഞ ഡിസംബർ പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. പുല്ലമ്പിലിലെ മംഗളം പപ്പൻ എന്ന എം.പത്മനാഭൻ - പി. തങ്കമണി ദമ്പതികളുടെ മകനാണ്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ഹരിറാം ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡ്രൈവർക്കെതിരെ എടക്കാട് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.