കണ്ണൂർ: തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ ഇലക്ട്രീഷ്യൻ ജീവനക്കാരനായ യുവാവ് ജലസംഭരണിയിൽ വീണു മരിച്ച സംഭവത്തിൽ നഗരസഭാ അധികൃതർ പ്രതിക്കൂട്ടിൽ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യുവാവിന്റെ ദാരുണമായ മരണത്തിന് പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയാണെന്ന് കോൺഗ്രസ് തലശേരി ബ്‌ളോക്ക് പ്രസിഡന്റ് എംപി അരവിന്ദാക്ഷൻ ആരോപിച്ചു. ദുരന്തമുണ്ടായ തലശേരി നഗരസഭാ േസ്റ്റഡിയം സന്ദർശിച്ചു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂടിയില്ലാത്ത ജലസംഭരണിയാണ് ദുരന്തത്തിന് കാരണമായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമന്നും അരവിന്ദാക്ഷൻ മുന്നറിയിപ്പു നൽകി. തലശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള വി.ആർ.കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിലെ ജലസംഭരണിയിലാണ് യുവാവ് അതിദാരുണമായി മരിച്ചത്.

പവലിയൻ ഉൾപ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയിൽ വീണ് പാനൂർ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാർ (25) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്‌ച്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. ഇലക്ട്രീഷ്യനായ സജിൻ കുമാർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്പോർട്ട്‌സ് കാർണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാൻ സജിൻ കുമാർ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ടെറസിനു മുകളിൽ ദീപാലങ്കാരം നടത്തുന്നതിനിടയിൽ ഫയർ ആൻഡ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളിൽ സജീകരിച്ച ജല സംഭരണിയിൽ വീഴുകയായിരുന്നു. ഏറെ വൈകിയിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശേരിജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ജല സംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

സുനിൽ കുമാർ-ചന്ദ്രി ദമ്പതികളുടെ മകനാണ് സജിൻ. സുജിൻ കുമാർ ഏറസഹോദരനാണ്. കെ.പി.മോഹനൻ എംഎ‍ൽഎ, നഗരസഭാ ചെയർപേഴ്‌സൺ കെ എം ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി തുടങ്ങിയവർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തലശേരി എ.സി.പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.