കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു യുവാവ് മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ്(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവിൽ വച്ചായിരുന്നു അപകടം.

കൂട്ടുകാർക്കൊപ്പം പടിയൂരിൽ ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൽബർട്ട് ലൂക്കാസ് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിയിൽ വെച്ച് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആൽബർട്ടിനെയും സഹയാത്രികൻ ആൽബിയേയും നാട്ടുകാരും മറ്റ് കൂട്ടുകാരും ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

രാജസ്ഥാൻ ജയ്‌പ്പൂർ നിംസ് യൂണിവേഴ്സിറ്റിയിൽ ബി.എ സൈക്കോളജി വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയായ ആൽബർട്ട് ലൂക്കോസ് ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം. കാഞ്ഞിരത്തിങ്കൽ കെ.വി സിൽജുവിന്റെയും കെ.വി സിൽജയുടെയും മകനാണ് മരിച്ച ആൽബർട്ട്. സഹോദരൻ: ജെറാൾഡ് (തെറാപ്പിസ്റ്റ്, തണൽ റീഹാബിലിറ്റേഷൻ )