കണ്ണൂർ: തലശേരിയിൽ ആഡംബര വീടു നിർമ്മാണ പ്രവൃത്തിക്കിടയിൽ മുകൾ നിലയിലെ സൺഷൈഡ് ഉൾപെടെ ചുമർ കല്ല് തെന്നിവീണ് ഇതര സംസ്ഥാന തൊഴിലാളി അതിദാരുണമായി മരിച്ചു. പശ്ചിമബംഗാൾ സ്വെദേശി സിക്കന്ദറാണ് (45) മരണപ്പെട്ടത്. മാടപ്പീടിക ജംഗ്ഷ നടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്.

പരേതനായ വ്യവസായ പ്രമുഖന്റെ മകൾക്കായി ഗൾഫ് കാരനായ ഭർത്താവ് താജുദ്ദീൻ പണിയുന്ന മാളികവീട്ടിന്റെ മുകൾനിലയിലെ മുറിയുടെ ബീമും സൺഷൈഡുമാണ് താങ്ങ് നീക്കുന്നതിനിടയിൽ പൊടുന്നനെ ഇളകി സിക്കന്ദറിന്റെ ദേഹത്ത് വീണത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമ്മാണ പ്രവൃത്തി നടക്കുകയാണിവിടെ.

മതിയായ സുരക്ഷയില്ലാത്തതാണ് അപകട മരണത്തിനിടയാക്കിയത്. ഏതാനും ദിവസം മുൻപാണ് കോൺക്രീറ്റ് ബീം വാർത്തത്. നിർമ്മാണത്തിന് വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാൽ അപകടത്തിനിരയായില്ല. പഴയ വീട് പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ വീട് നിർമ്മാണം നടക്കുന്നത്.

മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കരാറുകാരനെതിരെ തലശേരി ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. നിർമ്മാണത്തിലെ അശാസ്ത്രീയതയുംഅലംഭാവവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണം പ്രദേശവാസികൾക്കുണ്ട്.