കോട്ടയം: ഓടയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (55) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

സ്‌കൂട്ടറിന്റെ ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നുനിൽക്കുന്നതു കണ്ട് ആളുകൾ പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്. ഉടൻ തന്നെ വാഹനമുയർത്തി അനിയെ ഐരാറ്റുനടയ്ക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

ദേശീയപാത 183-ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി നാട്ടിൽ മടങ്ങിയെത്തിയശേഷം പ്ലംബിങ് കോൺട്രാക്ടറായി പ്രവർത്തിക്കുകയായിരുന്നു.