ചാലക്കുടി: പള്ളിപ്പെരുന്നാളിനിടെ പടക്കം വീണുണ്ടായ അപകടത്തിൽ ഗുരുതര പൊള്ളലേറ്റ യുവാവ് മരിച്ചു. കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ചാണ് പൊള്ളലേറ്റത്. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത്.
ഇന്നു രാവിലെയാണ് ശ്രീകാന്ത് മരിച്ചത്. ഇന്ദിരയാണ് ശ്രീകാന്തിന്റെ അമ്മ. സഹോദരൻ: ശ്രീക്കുട്ടൻ.

ഇക്കഴിഞ്ഞ ജനുവരി 27ന് വൈകിട്ട് 5.45ഓടെ പരിയാരത്തെ കപ്പേളയ്ക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. പരിയാരം പള്ളിയിലെ അമ്പുതിരുനാൾ ആഘോഷത്തിനിടെയാണ് കത്തിച്ച പടക്കം ബൈക്കിനു സമീപം വീണത്. സമീപത്തെ കടയിൽ സാധനം വാങ്ങാനെത്തിയ ശ്രീകാന്ത്, ബൈക്കിൽ ഇരിക്കുമ്പോഴായിരുന്നു ഇത്. ബൈക്കിനു തീപിടിച്ച് പെട്രോൾ ടാങ്ക് ഉൾപ്പെടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കത്തിപ്പോയി.

ഗുരുതരമായി പരുക്കേറ്റ ശ്രീകാന്തിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്നു രാവിലെയോടെയാണ് ശ്രീകാന്തിന്റെ മരണം സ്ഥിരീകരിച്ചത്.