കൊടുമൺ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. രണ്ടു പേർക്ക് പരുക്ക്. തിങ്കളാഴ്ച വൈകിട്ട് 5.45 ന് ഒറ്റത്തേക്ക് പിള്ളേര് മുക്കിന് സമീപമാണ് സംഭവം. മുറിഞ്ഞകൽ പുഷ്പമംഗലത്ത് ശിശുപാലൻ, ഭാര്യ ബിന്ദു എന്നിവർ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്കാണ് റബർമരം ഒടിഞ്ഞ് വീണത്. ഇരുവരും സംസാരശേഷി ഇല്ലാത്തവരാണ്.

മകളുടെ വിവാഹം വ്യാഴാഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിന് അടൂരിൽ പോയ ശേഷം തിരികെ ചന്ദനപ്പള്ളി കൂടൽ റോഡ് വഴി വീട്ടിലേക്ക് പോകവെയാണ് സംഭവം. ഇതു വഴിയുള്ള ഗതാഗതവും ഇതോടെ ഏറെ നേരം തടസപ്പെട്ടു. പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ നിൽക്കുന്ന മരമാണ് വീണത്. പരുക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് അടൂരിലെ ആശുപത്രിയിലാക്കി. പ്ലാന്റേഷൻ കോർപ്പറേഷന്റെ നിരവധി റബർ മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.