കൊച്ചി: എറണാകുളം ആലുവയ്ക്കടുത്ത് അമ്പാട്ടുകാവിൽ വാഹനാപകടത്തിൽ യുവാവിന്റെ മരണം കയറിൽ കുരുങ്ങിയതിനെ തുടർന്ന് തന്നെയെന്ന് എഫ്‌ഐആർ റിപ്പോർട്ട്. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുപോയ കയറിലാണ് യുവാവ് കുരുങ്ങി വീണത്.

അപകടത്തിൽ കളമശേരി ഐടിഐയിലെ വിദ്യാർത്ഥിയായ 19കാരൻ ഫഹദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം. ഈ സമയം, എതിർദിശയിൽ നിന്നും വന്ന ഭഗത് സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ഭഗത് ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയുമായിരുന്നു.

സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 279 (അശ്രദ്ധയോടെ വാഹനമോടിക്കുക), 304 എ (അശ്രദ്ധ മൂലമുള്ള മരണം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഓട്ടോറിക്ഷകൾ തമ്മിൽ കയർ കെട്ടിയിരുന്നത് പിന്നിൽ നിന്ന് വരുന്നയാൾക്ക് വ്യക്തമായിരുന്നില്ല. സാധാരണ വേഗത്തിലാണ് ഫഹദ് ബൈക്കോടിച്ചു വന്നിരുന്നതെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. ഫഹദിന്റെ കഴുത്തിലാണ് കയർ കുരുങ്ങിയത്. ഇതോടെ ഫഹദിന്റെ തലയിൽനിന്ന് ഹെൽമെറ്റ് തെറിച്ചുപോയി. തലയ്ക്കും കഴുത്തിലുമാണ് യുവാവിന് പരുക്കേറ്റത്. കളമശ്ശേരി ഐടിഐ വിദ്യാർത്ഥിയായിരുന്ന ഫഹദ് ക്ലാസിലേക്ക് പോകുകയായിരുന്നു.

തികഞ്ഞ അശ്രദ്ധയോടെ അപകടമുണ്ടാക്കുന്ന തരത്തിലാണ് ഓട്ടോറിക്ഷകൾ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തിരക്കേറിയ റോഡായിട്ടും ആലുവ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിൽക്കാതെ ഓട്ടോകൾ മുന്നോട്ടെടുത്തതാണ് അപകടമുണ്ടാക്കിയത്. പെരുമ്പാവൂർ മാറമ്പിള്ളി കുന്നത്ത് ഇളമനവീട്ടിൽ പരേതനായ അബ്ബാസിന്റെ മകനാണ് ഫഹദ്. സഹോദരി: ഫർസാന.