കണ്ണൂർ: കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സീലിങ് ഫാൻ താഴേക്ക് വീണു പരുക്കേറ്റ യുവാവ് മരണമടഞ്ഞു. കിടപ്പുമുറിയിൽ ഉച്ച ഉറക്കത്തിനിടെ സീലിങ് ഫാൻ ദേഹത്ത് പൊട്ടി വീണ് ഗുരുതരമായി പരിക്കേറ്റ പോളിഷിങ് തൊഴിലാളിയായ യുവാവാണ് മരണമടഞ്ഞത്.

പയ്യന്നൂർ എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മൻസിലിൽ എ.കെ.മുഹമ്മദ് സമീറാ(48)ണ് ദാരുണമായി മരിച്ചത്. പോളിഷിങ് തൊഴിലാളിയായ മുഹമ്മദ് സമീർ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഈ സമയം ഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു.

നാലരയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഫാൻ ഘടിപ്പിച്ചിരുന്ന കോൺക്രീറ്റിന്റെ സീലിങ് ഭാഗം ഉൾപ്പെടെ അടർന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്പലപ്പാറയിലെ എൻ.പി.ഇബ്രാഹിംകുഞ്ഞി- എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാനിബ. മകൾ:ഷാഹിന. സഹോദരങ്ങൾ:ഫൈസൽ, സറീന, പരേതയായ ഷാഹിന. പയ്യന്നുർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം കബറടക്കത്തിനായി ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.