കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴൂർ കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. പയഞ്ചേരി വികാസ് നഗറിലെ മുഹമ്മദ്റസിനാ(17) ണ് മരിച്ചത്. ചൊവ്വാഴ്‌ച്ച രാത്രി ഒൻപതേ മുക്കാലിനാണ് അപകടം.

മുഹമ്മദ്റസിനും സുഹൃത്ത് മുഹമ്മദ് നജാദും സഞ്ചരിച്ച ബൈക്ക് കീഴൂർ കുന്നിൽ വെച്ചു എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പന്ത്രണ്ടുമണിയോടെ മുഹമ്മദ് റസീൻ മരണമടയുകയായിരുന്നു.

പയഞ്ചേരി വികാസ് നഗറിലെ ഇല്ലിക്കൽ അബ്ദുൽറഹിമാന്റെയും റയീനാസിന്റെയും മകനാണ്. ഇരിട്ടി അങ്ങാടിക്കടവ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ്ടൂ വിദ്യാർത്ഥിയാണ് റസീൻ. സഹോദരങ്ങൾ: റാനിയ, റനൽ(ഇരുവരും വിദ്യാർത്ഥികൾ) പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കീഴൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.