റാന്നി: നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. സഹയാത്രികനായ യുവാവിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തിക്കയം ചെമ്പനോലി വെട്ടിക്കൽ അച്ചൻകുഞ്ഞിന്റെ മകൻ അലൻ (22) ആണ് മരിച്ചത്. മടന്തമൺ വെട്ടിക്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ ആൽബിലി(18) നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നു രാവിലെ എട്ടേകാലിന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മാമുക്ക് ജങ്ഷനിലായിരുന്നു അപകടം. യാത്രക്കാരെ കയറ്റുവാനായി സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിന് പിന്നിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. റാന്നിയിൽ സ്വകാര്യ ബസുകൾ നിരന്തരമായി റോഡിൽ നിർത്തി ആളെ കയറ്റുന്നത് പതിവാണ്. ഇതിന് നിരവധി പരാതികൾ പൊതുജനങ്ങളുടെ ഭാഗത്തുണ്ടായെങ്കിലും അധികൃതർ നടപടി എടുക്കാത്തതാണ് ഇത്തരത്തിലുള്ള നിയമലംഘനത്തിന് കാരണമാകുന്നത്.

വർഷങ്ങൾക്കു മുമ്പ് മാമുക്ക് ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ ഉണ്ടായിരുന്നെങ്കിലും അവ കേടായി എന്നാൽ ബന്ധപ്പെട്ട വകുപ്പുകൾ അത് നന്നാക്കുന്നതിന് നടപടികൾ ഇതുവരെയും സ്വീകരിച്ചില്ല.ഒരുപക്ഷേ ട്രാഫിക് സിഗ്നലുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നു.മിനർവാപടി മുതൽ മന്ദിരം പടി വരെ പുനലൂർ മൂവാറ്റുപുഴ ഹൈവേ റോഡിന് വീതിയില്ലാത്തതും പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

വൺവേ സംവിധാനം ഇട്ടിയപ്പാറ ടൗണിൽ ഉണ്ടെങ്കിലും സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഇരു സൈഡിലും പാർക്ക് ചെയ്യുന്നതും അപകടകങ്ങൾക്ക് കാരണമായിട്ടുണ്ട്.മൂഴിക്കൽ ജംഗ്ഷനിൽ ഫുട് പാത്തിലേക്ക് കയറ്റിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.റാന്നിയിൽ ഒരു ട്രാഫിക് പൊലീസ് സ്റ്റേഷൻ എന്നത് വർഷങ്ങൾക്കു മുമ്പ് മുതൽ നാട്ടുകാരുടെ ആവശ്യമാണ് എന്നാൽ ഇത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറാകുന്നില്ല.