മലപ്പുറം: മലപ്പുറം മേൽമുറിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷ യാത്രികരാണ് മരിച്ചത്. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്‌റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്.

കെഎസ്ആർടിസി ബസ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നു വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലായിരുന്നു. ഡ്രൈവർ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.