കണ്ണൂർ : തലശേരി നഗരസഭയുടെ അനാസ്ഥയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി. മഞ്ഞോടി വാർഡിലെ കണ്ണച്ചിറ റോഡിൽ സെക്യൂരിറ്റി ജീവനക്കാരനെ ഓവുചാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പള്ളൂർ ഇ പ്‌ളാനറ്റിലെ സെക്യുരിറ്റി ജീവനക്കാരനായ കോടിയേരി മൂളിയിൽ നടയിലെ മമ്പള്ളി വീട്ടിൽ വയലോമ്പ്രൻ രഞ്ജിത്ത് കുമാറാണ് (63) മരിച്ചത്. തിങ്കളാഴ്‌ച്ച രാവിലെയാണ് അപകടം.

വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന സ്‌ളാബ് ഇട്ടു മൂടാത്ത ഓവു ചാലാണ് ഇവിടെയുള്ളത്. യാത്രക്കാർക്ക് അപകടകരമായ വിധത്തിൽ ഓവുചാൽ തുറന്നിട്ടത് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയായിരുന്നു. ഇതുവഴി പോകുന്നവരാണ് ഒരാൾ ഓവുചാലിൽ വീണു കിടക്കുന്നതായി കണ്ടത്. മഴയിൽ ചൂടിയ കുടയും പൊട്ടിതകർന്ന നിലയിൽ സമീപമുണ്ടായിരുന്നു.

തലശേരി പൊലിസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസും ഫയർ ഫോഴ്‌സുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴെക്കും മരണമടഞ്ഞിരുന്നു. തലശേരി ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദാമോദരൻ ശാന്ത ദമ്പതികളുടെ മകനാണ് മരിച്ച രഞ്ജിത്ത് കുമാർ. ഭാര്യ: സിന്ധു ലുലു സാരീസ് തലശേരി) മക്കൾ: അക്ഷയ് ആയുർവേദം വയനാട്) ആദിത്യ ബ്രംഗ്‌ളൂര് )സഹോദരങ്ങൾ: സുബിന ദിനേശൻ, പരേതരായ രജുല , രാജേഷ്.

ഓവുചാലിൽ വീണു യാത്രക്കാരനായ മധ്യവയസ്‌ക്കൻ മരിച്ച സംഭവം നഗരസഭയുടെ അനാസ്ഥയാണെന്ന് ആരോപിച്ചു യുത്ത് കോൺഗ്രസ് പ്രവർത്തകർ തലശേരി നഗരസഭാ കാര്യാലയത്തിന് മുൻപിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. വാർഡ് കൗൺസിലറും നാട്ടുകാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓവു ചാലിന് മുകളിൽ സ്‌ളാബിടാൻ നഗരസഭാ അധികൃതർ തയ്യാറാകാത്തതാണ് ഒരാളുടെ ജീവൻ അപഹരിക്കാൻ കാരണമായതെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് തലശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും കുത്തിയിരുപ്പ് സമരവും നടത്തിയത്. നഗരസഭ അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം .
.
തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും പ്രകടനമായ് എത്തിയ പ്രവർത്തകർ നഗരസഭ ഓഫീസിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എ ആർ ചിന്മയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി കെ അർബാസ് ,എസ് ഹൈമ ,എം , മുനാസ്, ആർ ജിത്തു , ആർ യദുനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു സംഭവത്തിൽ പ്രതിഷേധവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. ആറുമാസം മുൻപ് തലശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് യുവാവ് മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ഭാരുണ സംഭവം കൂടി നടക്കുന്നത്.