- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണം വാങ്ങി സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് യുവാക്കളെ കടത്തി; അഭിഭാഷകന് അറസ്റ്റില്‍
പാലക്കാട്: മലയാളി യുവാക്കളെ പണം വാങ്ങി സൈബര്‍ തട്ടിപ്പ് ജോലിക്കായി വിദേശത്തേക്കു കടത്തിയ അഭിഭാഷകന് അറസ്റ്റില്‍. വടവന്നൂര്‍ ഊട്ടറയില്‍ എസ്.ശ്രീജിത്തിനെ (31) ആണ് പാലക്കാട് സൈബര്‍ ക്രൈം പൊലീസ് കൊല്ലങ്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്. സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ നിരവധി യുവാക്കളില്‍ നിന്നും പണ കൈപ്പറ്റി ജോലിക്കെന്ന പേരില്‍ കടത്തിയതായാണ് റിപ്പോര്‍ട്ട്.
വിദേശ രാജ്യങ്ങളിലെ മള്‍ട്ടി നാഷനല്‍ കമ്പനികളില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. യുവാക്കളില്‍ നിന്നും വന്‍ തുക കമ്മിഷന് വാങ്ങിയ ശേഷം ഇവരെ ലാവോസ് എന്ന രാജ്യത്തു ചൈനീസ് പൗരന്മാര് നിയന്ത്രിക്കുന്ന സൈബര്‍ തട്ടിപ്പു കേന്ദ്രങ്ങളില്‍ എത്തിക്കുക ആയിരുന്നു. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനു ലാവോസിലുള്ള മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ ടെലികോളര്‍ എക്സിക്യൂട്ടീവ് ജോലി വാഗ്ദാനം ചെയ്തു മൂന്നു ലക്ഷം രൂപ കൈപ്പറ്റി വിദേശത്തേക്ക് അയച്ചു.
എന്നാല്‍, അവിടെ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുകയും കൂടുതല്‍ ആള്‍ക്കാരെ സൈബര്‍ തട്ടിപ്പിനിരയാക്കി അവരില്‍ നിന്നു പണം കൈക്കലാക്കാന്‍ ടാര്‍ഗറ്റ് നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു. അതിനു വിസമ്മതിച്ച യുവാവിനെ ക്രൂരമായി ഉപദ്രവിക്കുകയും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചു വീണ്ടും ഏജന്റ് മുഖേന പണം നല്കി തിരികെയെത്തിയ യുവാവിന്റെ പരാതിയിലാണു പാലക്കാട് സൈബര്‍ പൊലീസ് കേസെടുത്തത്.