- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം നിലയിലെ കോടതി മുറിയിലേക്ക് നടന്ന് എത്താനായില്ല; കക്ഷിയെ സ്വന്തം ചുമലിലേറ്റി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി അഭിഭാഷകൻ
കോട്ടയം: ഇരുകാലുകളും തളർന്ന അവസ്ഥയിൽ രണ്ടാം നിലയിലെ കോടതി മുറിയിലേക്ക് നടന്ന് എത്താൻ കഴിയാത്ത കക്ഷിയെ സ്വന്തം ചുമലിലേറ്റി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി അഭിഭാഷകൻ. കേസ് വാദിക്കാൻ അഭിഭാഷകരുടെ പുറകെ നടക്കുന്നവരുടെ നാട്ടിൽ പരാതിക്കാരനെ ചുമലിലേറ്റിയ അഭിഭാഷകന്റെ മാനുഷികമായ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
സഹോദരങ്ങളുമായുള്ള വസ്തുതർക്കം സംബന്ധിച്ച കേസിന്റെ ഹിയറിങ്ങിനാണ് ഇരുകാലുകളും തളർന്ന സജീവനെന്ന നാല്പത്തിമൂന്നുകാരൻ തന്റെ ട്രൈസ്കൂട്ടറിൽ ശനിയാഴ്ച ഏറ്റുമാനൂർ കോടതിയിലെത്തിയത്.
രണ്ടാം നിലയിലാണ് മുൻസിഫ് കോടതി സ്ഥിതിചെയ്യുന്നത്. മൊഴിയെടുക്കാനായി പരാതിക്കാരനെ ഹാജരാക്കാൻ ജഡ്ജി ആവശ്യപ്പെട്ടപ്പോൾ സജീവന്റെ വക്കീൽ കോട്ടയം ബാറിലെ അഭിഭാഷകൻ റായിൻ കെ ആർ. കൂടുതൽ ആലോചിച്ചില്ല. ഹാജരാക്കിയില്ലെങ്കിൽ മൊഴിയെടുക്കാൻ പരാതിക്കാരൻ മറ്റൊരു ദിവസം വരണം. കേസ് നീണ്ടുപോകും.
വെറൊന്നും നോക്കിയില്ല, ജസ്റ്റ് എ മിനിട്ട് എന്ന് കോടതിയോട് പറഞ്ഞ് മുറിയിൽ നിന്ന് താഴേക്ക് ഓടി സജീവനെ തോളിലെടുത്ത് പടിക്കെട്ടുകൾ ഓടികയറി ജഡ്ജിക്ക് മുന്നിലെത്തിച്ചു. മൊഴിയെടുത്ത് കഴിഞ്ഞപ്പോൾ കക്ഷിയെ അതേപോലെ തിരികെ എടുത്തുകൊണ്ട് പോവുകയും ചെയ്തു. ഈ സമയം കോടതി പരിസരത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനാണ് റായിൻ വക്കീലിന്റെ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ