തിരുവനന്തപുരം: കേരളത്തിൽ വരാൻ പോകുന്ന ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആലപ്പുഴ ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആർപിഐ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ആർ.സി രാജീവ്ദാസ്.

വൈറൽരോഗങ്ങളുടെ കെണിയിൽ പെട്ടു കിടക്കുന്നൊരു ജില്ലയാണ് ആലപ്പുഴ. ആരോഗ്യമേഖലയിൽ കുതിക്കാൻ ആലപ്പുഴയിൽ എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണ്. ചിക്കൻഗുനിയ, എച്ച് വൺ എൻ വൺ, എലിപ്പനി, ഡെങ്കു തുടങ്ങി പകർച്ചാവ്യാധികളിൽ മിക്കവയും ആദ്യം സ്ഥിരീകരിക്കാറുള്ളത് ആലപ്പുഴ ജില്ലയിലാണ്. തുടർച്ചയായി ഉണ്ടാവുന്ന ശിശുമരണവുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. തീരദേശതൊഴിലാളികളും, കർഷകതൊഴിലാളികളും, മത്സ്യത്തൊഴിലാളികളുമെല്ലാം അടങ്ങുന്ന ലക്ഷകണക്കിനാളുകൾ ജീവിക്കുന്ന സാധാരണക്കാരുടെ ജില്ലയാണ് ആലപ്പുഴ. അതുകൊണ്ട് തന്നെ കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴ ജില്ലയിൽ സ്ഥാപിക്കണമെന്നാണ് ആർ.സി രാജീവ്ദാസ് മുന്നോട്ടുവെക്കുന്ന ആവശ്യം.

കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. എയിംസ് സാക്ഷാത്കരിക്കാനുള്ള നടപടികൾ കേരളത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ആലപ്പുഴ എന്ന തീരദേശമേഖലയിൽ ഒരുപാട് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ്. എയിംസ് ആലപ്പുഴയിൽ വരുന്നതോടെ ജനങ്ങൾക്ക് അതൊരു കൈത്താങ്ങായി മാറും. ഓരോ ഘട്ടത്തിലും കേരളം ഉയർന്ന പ്രതീക്ഷയിലാണു മുന്നോട്ടു പോകുന്നത്. എന്നാൽ കൈയെത്താ ദുരത്ത് പ്രഖ്യാപനം അകന്നു പോവുകയാണ് ഉണ്ടാവുന്നത്. 2024 ൽ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എയിംസിനായുള്ള ചർച്ചകൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ വർഷം തന്നെ ഇതിനായുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്.

എയിംസ് വന്നാൽ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് പുത്തൻ ഉണർവായിരിക്കും നൽകുന്നത്. അത്യാധുനിക ചികിത്സകളെല്ലാം സൗജന്യമായി ലഭ്യമാകും. കൂടാതെ വിദഗ്ധ ഡോക്ടർമാർ കേരളത്തിലേക്കെത്തും. പ്രാഗത്ഭ്യമുള്ള ഒരു വൻസംഘം ഡോക്ടർമാർ ഇവിടെയുണ്ടാവും. എല്ലാവിധ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവും നടക്കുന്ന കേന്ദ്രസ്ഥാപനമാണ് എയിംസ്. വൈറോളജിയിലും രോഗങ്ങളിലും ഗവേഷണവും വിദഗ്ദ്ധഡോക്ടർമാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനവും കേരളത്തിനും ലഭിക്കും.

മികച്ച ചികിത്സ നൽകുന്ന ആശുപത്രികളേറെയുണ്ടെങ്കിലും ഗവേഷണ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ ആരോഗ്യമേഖലയുടെ പരിമിതിയാണ്. ആരോഗ്യ മേഖലയിൽ കുതിക്കാൻ കേരളത്തിന് എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണെന്നും കേരളത്തിന് എയിംസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് അനുമതി നൽകണമെന്നും ആർ.സി രാജീവ്ദാസ് പറഞ്ഞു.