കൊച്ചി: എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് നേരിട്ട് പ്രതിദിന വിമാന സർവിസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് പുലർച്ച 1.10നും മുംബൈയിൽനിന്ന് രാത്രി 10.50നുമാണ് സർവിസ്. നേരിട്ടുള്ള സർവിസായതിനാൽ രണ്ടുമണിക്കൂറിൽ താഴെ മാത്രമാണ് യാത്രാസമയം. വെള്ളിയാഴ്ച പുലർച്ച 1.10നായിരുന്നു മുംബൈക്കുള്ള ആദ്യ വിമാനം.

എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട്ടുനിന്ന് 15 സ്ഥലങ്ങളിലേക്കായി ആഴ്ചയിൽ 101 അന്താരാഷ്ട്ര വിമാന സർവിസുകൾ നടത്തുന്നുണ്ട്. കമ്പനി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവിസ് നടത്തുന്നതും കോഴിക്കോട്ടുനിന്നാണ്. ജനുവരിയിൽ കോഴിക്കോട്ടുനിന്ന് നേരിട്ട് പ്രതിദിന ബംഗളൂരു സർവിസും ആരംഭിച്ചിരുന്നു.