ആലപ്പുഴ: നവജാത ശിശു മരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. മരണത്തിന് കാരണം ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

നോർമൽ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയതെന്നും സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാർഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചിരുന്നു.