മൂന്നാർ: മൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ട് സൗരിയർ മകൾ പ്രിൻസി(19)യെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസി ആൽബിനെയാണ് മൂന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് 5.30 തോടെ മൂന്നാർ നല്ലതണ്ണി റോഡിൽ വച്ചാണ് പ്രിൻസിയെ ആൽബിൻ ആക്രമിച്ചത്.ഇതിനുശേഷം ഓടി രക്ഷപെട്ട് ഇയാളെ ഇന്ന് പുലർച്ചെ 2 മണിയോടെ മൂന്നാറിന് സമീപത്തുനിന്നുമാണ് പൊലീസ കസ്റ്റഡിയിൽ എടുത്തത്.ഇയാളുടെ കൈയിൽ മുറിവുണ്ടെന്നും ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയെന്നും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.മൂന്നാറിൽ ഹോസ്റ്റലിൽ താമസിച്ചാണ് വിദ്യാർത്ഥിനി പഠനം നടത്തിവന്നിരുന്നത്.ഒന്നാം വർഷ ടിടിസി വിദ്യാർത്ഥിനിയായിരുന്നു. പ്രണയ നൈരാശ്യം മൂലം പ്രിൻസിയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ആൽബിൻ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. പരിക്കേറ്റ പ്രിൻസി മൂന്നാർ ജനറൽ ആശുപത്രിയിൽ ചികത്സയിലാണ്.അപകടനില തരണം ചെയ്തെന്നാണ് അറിയുന്നത്. പഴയ മൂന്നാറിലെ സ്‌കൂളിൽ നിന്നും താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു.കുറച്ച് നാളുകൾക്ക് മുൻപ് ആൻസിയോടുള്ള സ്നേഹം ആൽബിൽ വെളിപ്പെടുത്തി. എന്നാൽ ആൻസി ഇത് ഉൾകൊള്ളാൻ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്ന് മൂന്നാറിലെത്തി.എന്നാൽതുടർന്നും ഫോൺ നമ്പർ സംഘടിപ്പിച്ച് ആൽബിൻ ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ആൽബിന്റെ മൊബൈൽ നമ്പർ യുവതി ബ്ലോക്ക് ചെയ്തുവെന്നും ഇതിനെത്തുടർന്നുണ്ടായ പ്രകോപനത്തിലായിരുന്നു ആക്രമണം എന്നുമാണ് സൂചന.

പ്രിൻസി പഠിക്കുന്ന സ്ഥാപനം മനസിലാക്കിയ ശേഷം കാത്തുനിന്ന്,ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഓടിക്കീടിയ നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട ആൽബിനെ കണ്ടെത്താൻ ഉടൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു.