ആലപ്പുഴ: ചന്തിരൂരിൽ ആന വിരണ്ടതിനെ തുടർന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റതിന് പിന്നിൽ മുൻവൈരാഗ്യം. ഗുരുതരമായി പരിക്കേറ്റ അരൂർ സ്വദേശി ആൽബിൻ (22) ഗുരുതരാവസ്ഥയിലാണ്. കുത്തിയയാളെ കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുൻവൈരാഗ്യമാണെന്നും പൊലീസ് പറയുന്നു.

ചന്തിരൂരിലെ കുമർത്തുപടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആന വിരണ്ടോടുന്നത് കണ്ടാണ് ജനം ഓടിയത്. അതിനിടെയാണ് യുവാവിന് കുത്തേറ്റത്. യുവാവിന്റെ മൊഴി പൊലീസ് എടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇതിന് മുൻപ് ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് വച്ച് ചില ആളുകളുമായി യുവാവ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി ഒളിവിലാണ്.