തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ആക്ഷേപം. പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും ഇടത് കൈയ്ക്ക് ചലന ശേഷി നഷ്ടമായെന്നും പരാതിയിൽ പറയുന്നു. പ്രസവ സമയം ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് ലേബർ റൂമിൽ ഉണ്ടായിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മാർച്ച് 27നായിരുന്നു അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. ജനിച്ച ശേഷം കുഞ്ഞിന്റെ ഇടതുകൈ അനങ്ങുന്നുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിയുമ്പോൾ ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. അവിടെ തന്നെയുള്ള മറ്റൊരു ഡോക്ടർ പറഞ്ഞതനുസരിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് എല്ല് പൊട്ടാൻ കാരണമെന്ന മറുപടിയാണ് എസ്എടി ആശുപത്രിയിൽ നിന്ന് ലഭിച്ചത്. പ്രസവത്തിനിടെ ഞെരമ്പ് വലിഞ്ഞുപോയെന്നും പരാതിയിലുണ്ട്. എല്ലിന്റെ പൊട്ടൽ ശരിയായെങ്കിലും ഞെരമ്പിന്റെ പ്രശ്നം മാറിയിട്ടില്ലെന്ന് കുടുംബം പറയുന്നു. ആരോഗ്യമന്ത്രിക്കുൾപ്പടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.