- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ആനകളെ തുരത്തുന്നതിനിടെ പരിക്കേറ്റ ആർആർടി അംഗം മരിച്ചു

തൃശ്ശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി ഹുസൈൻ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു. കാട്ടാനകളുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈൻ ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചയിലേറെ ചികിത്സയിൽ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) അംഗമാണ് ഹുസൈൻ.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചത്. വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആന പാപ്പാന്മാരുൾപ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകൾക്കൊപ്പമുള്ളത്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.
സെപ്റ്റംബർ നാലിനാണ് ഹുസൈന് പരിക്കേറ്റത്. പാലപ്പിള്ളിയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. കുങ്കിയാനകളെ ഒരിടത്ത് തളച്ച ശേഷം പരിശോധന നടത്തുമ്പോൾ തൊട്ടടുത്ത തോട്ടത്തിൽ നിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഹുസൈനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പാലപ്പിള്ളിയിൽ കഴിഞ്ഞ കുറച്ച് കാലമായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലുൾപ്പെടെയിറങ്ങി നാശമുണ്ടാക്കുന്നത് പതിവായിരുന്നു.
തോട്ടം തൊഴിലാളികൾ കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇവിടെ വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറിയിച്ചിരുന്നത്.
പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന കൂട്ടം ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടർ 89 ഭാഗത്ത് എത്തിയത്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തിൽ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. മുന്നത്തെ ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തുടർന്നാണ് ആനകളെ തുരത്താൻ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ പാലപ്പിള്ളിയിൽ എത്തിച്ചത്.


