അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടി; കെണിയില്‍ കുടുങ്ങിയവരില്‍ ഇസ്രയേലിലെ മലയാളികളും; അനുവിന്റെ അറസ്റ്റ് നിര്‍ണ്ണായകം
അനുവിന്റെ ഭര്‍ത്താവിനായി അന്വേഷണം
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന തട്ടിപ്പ് കഥകള്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 3 കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ജോലിയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം നല്കിയത്. കേസില്‍ പള്ളുരുത്തി കുട്ടന്‍ ചാലില്‍ ഹൗസില്‍ അനു (34) ആണ് അറസ്റ്റിലായി.
വിവിധ ജില്ലകളിലായി അമ്പതോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനം നല്‍കി ആളുകളില്‍ നിന്നും പണം വാങ്ങിയശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ശേഷം ഇവരെ മംഗലാപുരത്ത് നിന്നുമാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അനുവിനെതിരെ പള്ളുരുത്തി സ്റ്റേഷനില്‍ നിലവില്‍ രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പളളുരുത്തി സ്വദേശിനിയായ 34കാരിയായ അനു. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന കാലയളവില്‍ പരിചയപ്പെട്ടവരടക്കം പറ്റിച്ചാണ് അനു പണമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്.
ഇസ്രയേലിനേക്കാളും അയര്‍ലണ്ടിലാണ് കുടുംബമായിട്ട് താമസിക്കാനുള്ള സൗകര്യങ്ങള്‍ കൂടുതലെന്നും മാത്രമല്ല ശമ്പളവും കൂടുതലാണെന്നും അതിനാല്‍ ഇസ്രയേലില്‍ നിന്ന് അയര്‍ലണ്ടിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ഇസ്രയേലില്‍ ജോലി ചെയ്യുന്ന നാല്‍പ്പതിലേറെ മലയാളികളില്‍ നിന്ന് അനു പണം തട്ടിയെന്നും, കൊച്ചി സ്വദേശികളായ രണ്ടു പേരില്‍ നിന്ന് മാത്രം 12.25 ലക്ഷം രൂപ തട്ടിയെടുത്തതായും മട്ടാഞ്ചേരി എസിപി മനോജ് കുമാര്‍ പറഞ്ഞു.
ഇവ കൂടാതെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളിലും അനുവിനെതിരെ ഒമ്പതു കേസുകളുണ്ട്. ഭര്‍ത്താവ് ജിബിന്‍ ജോബും തട്ടിപ്പില്‍ പങ്കാളിയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടാതെ പണം തട്ടിയെടുക്കുന്നതിനായി പ്രതിക്ക് മറ്റു കൂട്ടാളികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.