മലപ്പുറം: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ പോയ പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ നീന്തവേ മുങ്ങി മരിച്ചു. ഉടൻ ഫയർഫോഴ്സ് എത്തി ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലപ്പുറം തുവ്വൂർ പൂളമണ്ണ പുള്ളിപ്പാടം എടത്തൊടിക അനിൽകുമാറിന്റെ മകൻ അരവിന്ദ് (17) ആണ് ഒഴുക്കിൽപ്പെട്ട് മുങ്ങിയത്.

തൂവൂർ നായാടിപ്പാറ തണ്ടുമ്മൽ ചിറയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ മഞ്ചേരി അഗ്നിരക്ഷാ സേനക്ക് വിവരമറിയിക്കുകയായിരുന്നു. ഉടൻ നിലയമേധാവി പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി തെരച്ചിലാരംഭിച്ചു. പെരിന്തൽമണ്ണ അഗ്‌നി രക്ഷാ നിലയത്തിലെ സ്‌കൂബാ വിദഗ്ദൻ മുഹമ്മദ് ഷിബിനും നിലമ്പൂർ, മലപ്പുറം അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ മഞ്ചേരി അഗ്‌നി രക്ഷാ സേനയിലെ ടി അഖിൽ കുട്ടിയെ മുങ്ങിയെടുക്കുകയും മറ്റ് സേനാംഗങ്ങളുടെ സഹായത്താൽ കരയിലേക്ക് എത്തിക്കുകയുമായിരുന്നു. കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. തൂവ്വൂർ ഗവ. ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിയായ അരവിന്ദിന്റെ മാതാവ് : നിമിഷ, സഹോദരൻ : സിദ്ദാർത്ഥ്.

സമാനമായി ഇന്ത്യൻ റിസർവ് ബറ്റലിയൻ (ഐആർബി) സ്‌പെഷൽ കമാൻഡോ ചാലിയാർ പുഴയിലും കഴിഞ്ഞ ദിവസം മുങ്ങി മരിച്ചിരുന്നു. ആന്റി മാവോയിസ്റ്റ് സ്‌പെഷൽ സ്‌ക്വാഡ് കമാൻഡോ തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ.റാസി ആണ് (33) മരിച്ചത്. നിലമ്പൂർ എം.എസ്‌പി ക്യാമ്പിലെ ആന്റി മാവോയിസ്റ്റ് സ്‌പെഷ്യൽ സ്‌ക്വാഡ് അംഗമായിരുന്നു. മരിച്ചത്.ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ ആണ് അപകടം.

ക്യാമ്പിലെ മറ്റു സേന അംഗങ്ങളോടൊപ്പം ചാലിയാറിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ക്യാമ്പിന് താഴെ ചാലിയാറിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടെ പുഴയുടെ മധ്യത്തിൽ എത്തിയപ്പോൾ മുങ്ങി താഴുകയായിരുന്നു. സ്ഥിരമായി നീന്തുന്ന ഇടമാണിത്. കൂടെ ഉണ്ടായിരുന്നവരും ഫയർഫോഴ്‌സും പൊലീസും എമർജൻസി റെസ്‌ക്യൂ ഫോഴ്‌സും രക്ഷപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.