തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുന്‍പിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

അതേ സമയം, വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.