- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഘമലയിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; നിരീക്ഷിക്കാൻ പ്രത്യേക സംഘം; വിനോദ സഞ്ചാരികൾക്ക് വിലക്ക്
കുമളി: തമിഴ്‌നാട്ടിലെ മേഘമലയിൽ കഴിഞ്ഞ അഞ്ചു ദിവസമായി റോന്തുചുറ്റൽ തുടർന്ന് അരിക്കൊമ്പൻ. മേഘമല അനന്ത എസ്റ്റേറ്റിൽ ഇന്നലെ പകൽ ആനയെത്തിയ ദൃശ്യം തൊഴിലാളികൾ മൊബൈലിൽ പകർത്തി. മേഘമലയിലേക്ക് ഇന്നലെയും വിനോദ സഞ്ചാരികളെ കടത്തിവിട്ടില്ല.
കഴിഞ്ഞ ദിവസം മേഘമല റേഞ്ചിൽ നിന്നു കമ്പം റേഞ്ചിലെ വനമേഖലയിൽ എത്തിയ ശേഷം ആന തിരികെ പോകുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി മേഘമല മേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ചുറ്റിക്കറങ്ങുന്നത്.
അതേസമയം, ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യത കേരള വനം വകുപ്പ് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി അതിർത്തിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അരിക്കൊമ്പൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. അരിക്കൊമ്പൻ മേഘമലയിൽ ആക്രമണം നടത്തിയിട്ടില്ല. കേരളവും തമിഴ്‌നാടും സംയുക്തമായാണ് നിരീക്ഷണം നടത്തുന്നത്. റേഡിയോ കോളർ സംവിധാനത്തിനു തകരാറില്ല. സിഗ്‌നൽ ലഭിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം മൂന്നാറിലെ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. ന്യൂ കോളനിയിൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്കാണു കുട്ടിയടക്കം നാല് ആനകൾ ഇറങ്ങിയത്. പാതയോരത്ത് പാർക്കു ചെയ്തിരുന്ന രണ്ടു കാറുകളുടെ മുകളിലേക്ക് ചെളിമണ്ണ് തുമ്പിക്കൈ കൊണ്ട് വാരിയിട്ടു. തുടർന്ന്, സമീപത്തുള്ള എംആർഎസ് സ്‌കൂളിന്റെ പരിസരത്തു ചുറ്റിത്തിരിഞ്ഞ ശേഷം രാവിലെയാണു കാട്ടിലേക്കു മടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ