ഇടുക്കി: തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തിരികെ കേരളത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ആദിവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം. ചിനക്കനാൽ പഞ്ചായത്ത് ഏഴാം വാർഡിലെ ചെമ്പകത്തൊഴുത്തുകുടി, ടാങ്കുകൂടി, ആറാം വാർഡിലെ പച്ചപ്പുൽക്കൂടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ന് രാവിലെ 8 മണിയോടെ സൂര്യനെല്ലി - ബോഡി മെട്ട് റോഡ് ഉപരോധം ആരംഭിച്ചിട്ടുള്ളത്.

കുട്ടികളും സ്ത്രീകളും അടക്കം 200-ളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടടുത്ത് ഇതെ ആവശ്യം ഉന്നയിച്ച് കോളനിവാസികൾ രാത്രി റോഡ് ഉപരോധിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും റോഡ് ഉപരോധം ആരംഭിക്കും എന്ന് പ്രതിഷേധക്കാർ ഈയവസരത്തിൽ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പൻ അവശ നിലയിലാണെന്നും ചികിത്സ ലഭിച്ചില്ലങ്കിൽ ഈ ആന മരണപ്പെട്ടേക്കാമെന്ന് തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നും കോളനി നിവാസികൾ അറിയിച്ചു.

റോഡിൽ ഇരിക്കുന്നുണ്ടെങ്കിലും തങ്ങൾ വാഹനങ്ങൾ തടയുകയോ ക്രമസമാധന പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലന്നും അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്നാണ് തങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായിട്ടാണ് ഈ സഹന സമരമെന്നും ഊരു മൂപ്പന്മാർ വ്യക്തമാക്കി.