- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിശ്വാസമൊക്കെ നഷ്ടപ്പെട്ടു'; അവനെ ഏത് രീതിയിലാണ് തിരിച്ചു കിട്ടുകയെന്നറിയില്ല; ഞങ്ങള്‍ക്ക് ചെറിയൊരു തുമ്പ് കിട്ടണമെന്ന് അര്‍ജുന്റെ സഹോദരി
കോഴിക്കോട്: അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കുടുംബം. വെള്ളത്തിലും കരയിലും ഒരുപോലെ തെരച്ചില്‍ നടത്തണമെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. ഏത് രീതിയിലാണ് അര്‍ജുനെ കിട്ടുകയെന്ന് അറിയില്ലെന്നും വിശ്വാസമൊക്കെ നഷ്ടപ്പെട്ടെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇന്നും കൂടി നമുക്ക് ഒരു തുമ്പ് കിട്ടിയില്ലെങ്കില്‍ എന്ത് രീതിയിലാണ് അവനെ കിട്ടുകയെന്നറിയില്ല. നമുക്ക് കാണാന്‍ പറ്റുമോയെന്നുമറിയില്ല. ഞങ്ങള്‍ക്ക് ചെറിയൊരു തുമ്പ് കിട്ടണം. അല്ലാതെ തിരിച്ചുവരില്ലെന്നാണ് അവിടെ നില്ക്കുന്നവര് പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല. എന്തുകൊണ്ടാണ് അവര്‍ വൈകിപ്പിക്കുന്നതെന്ന് നമുക്കറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങള്‍ എല്ലാവരുടെയും ഇടപെടല്‍ കൊണ്ടാണ് സന്നാഹങ്ങളെല്ലാം അവിടെയെത്തിയത്.
ആരെയും കുറ്റം പറയുന്നില്ല. ഏഴ് ദിവസമായി, ഒരാഴ്ച…വെള്ളത്തിലും കരയിലും ഒരേ മാതിരി തന്നെ തെരച്ചില്‍ നടത്തണം. എന്തായാലും വണ്ടി അവിടെത്തന്നെയുണ്ട്. ജി പി എസ് ലൊക്കേഷനില്‍ തന്നെ നില്‍ക്കണമെന്നില്ലല്ലോ. മുന്നോട്ടോ ബാക്കിലോട്ടോ സൈഡിലോട്ടോ ഒക്കെ പോകാം.അവന് അവിടെയുണ്ട്, ഇവിടെയുണ്ടെന്നൊക്കെയാണ് പ്രതീക്ഷ. എന്നാല്‍ വിശ്വാസമൊക്കെ നഷ്ടപ്പെട്ടു. മണ്ണിന്റെ അടിയില്‍ തന്നെ ഉണ്ടാകാനാണ് സാദ്ധ്യത.'- അഞ്ജു പറഞ്ഞു.
അതേസമയം, ഗംഗാവലി പുഴയില്‍ സ്കൂബ ഡൈവേഴ്സ് തെരച്ചില്‍ നടത്തുകയാണ്. മണ്‍കൂനയുള്ള സ്ഥലത്താണ് തെരച്ചില്‍. പരിശോധനയ്ക്കായി നാവികസേന കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കും. അര്‍ജുന്റെ വാഹനം വെള്ളത്തില്‍ തന്നെയായിരിക്കാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പ്രതികരിച്ചു. കരയിലുണ്ടാകാന്‍ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് അവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.