പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊടുമൺ കളത്തിനാൽ വേങ്ങവിളയിൽ വീട്ടിൽ ഷൈൻ (19) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്. നിരന്തരം മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ട് പരിചയപ്പെട്ട് അടുപ്പത്തിലാവുകയും, ഈ വർഷം ഏപ്രിൽ മാസം ഒരു ചൊവ്വാഴ്‌ച്ച രാത്രി കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇയാളുടെ ഉപയോഗത്തിലുള്ള കാറിൽ കയറ്റികൊണ്ടുപോയശേഷം വിജനമായ സ്ഥലത്തെത്തിച്ച് കാറിനുള്ളിൽ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് പലദിവസങ്ങളിൽ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് നവംബർ 6 ന് രാവിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ആരുമില്ലാത്ത സമയം സ്വന്തം വീട്ടിലെത്തിച്ചും പീഡിപ്പിച്ചു, കുട്ടി സ്‌കൂൾ യൂണിഫോമിലായിരുന്നു. 12 ന് ശിശുക്ഷേമസമിതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴൂക്കരയിലെ വൺ സ്റ്റോപ്പ് സെന്ററിൽ കഴിഞ്ഞുവന്ന പെൺകുട്ടിയുടെ മൊഴി സൈക്കോ സോഷ്യൽ കൗൺസിലർ അശ്വതിയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി കോന്നി പൊലീസ് കേസെടുക്കുകയായിരുന്നു.

എസ് ഐ ടി സുമേഷാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് പത്തനംതിട്ട ജെ എഫ് എം കോടതി ഒന്ന് കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചു. തുടർന്ന്, കോന്നി പൊലീസ് ഇൻസ്പെക്ടർ സി ദേവരാജൻ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

അന്വേഷണത്തിനിടെ പ്രതിയെ ഇന്നലെ വൈകിട്ട് 6.30 ന് വെളിയം ഈട്ടിക്കാട് നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു. കുട്ടിയെ ഫോട്ടോ കാട്ടി തിരിച്ചറിഞ്ഞശേഷം, സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു, ശാസ്ത്രീയ പരിശോധനക്കയച്ചു.

കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കാർ ഈട്ടിക്കാട് നിന്നും കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിച്ച് തെളിവുകൾ ശേഖരിച്ച പൊലീസ്, സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.