ഇരിട്ടി: മയക്കു മരുന്ന് കടത്ത് തടയുന്നതിനായി കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ വാഹനം പരിശോധിക്കവേ ജീവനക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും പ്രതി ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും എക്സൈസ് കമ്മിഷണർ സ്‌ക്വാഡും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടി.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായാണ് വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്തത്. പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിൽ എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ് കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പൊലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, സീനിയർ സി പി ഒ മാരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രതിയാണ് അറസ്റ്റിലായത്. ബംഗ്‌ളൂരിൽ നിന്നാണ് മലബാറിലെ ജില്ലകളിലേക്ക് ഇയാൾ മയക്കുമരുന്ന് കടത്തുന്നതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.