- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടെ ദുരിതബാധിതര്‍ക്ക് 4 കോടിരൂപയുടെ സഹായവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍; ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ സൗജന്യചികിത്സ
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ (പഴയ ഡിഎം വയനാട് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകള്‍ ചികിത്സയിലുണ്ട്. ഇവര്‍ക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയര്‍മാനും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഉരുള്‍പ്പൊട്ടലുണ്ടായ ചൊവ്വാഴ്ച പുലര്‍ച്ചെ വാര്‍ത്തയറിഞ്ഞയുടന്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നേഴ്സുമാരും ജീവനക്കാരും അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമായിരുന്നു. അധികം വൈകാതെ പരിക്കേറ്റയാളുകളെയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിത്തുടങ്ങി. ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതില്‍ 62 പേര് ഇപ്പോഴും ചികിത്സയിലുണ്ട്. 7 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായി സഹകരിച്ചാണ് മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാര്‍ഡുകളില്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും അധികനേഴ്സുമാരെ ഏര്‍പ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറന്‍സിക് സര്ജന്മാരെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ ലഭ്യമാക്കിയത് ഏറെ സഹായകരമായി.
കേരളത്തിലെ വിവിധ ആസ്റ്റര്‍ ആശുപത്രികളായ ആസ്റ്റര്‍ മെഡ്സിറ്റി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ചൂരല്‍മലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ഇവര്‍ക്കൊപ്പം അടിയന്തര വൈദ്യസഹായത്തിനായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുമുണ്ട്. പ്രദേശത്ത് കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനൊപ്പമാണ് ആസ്റ്റര്‍ വോളന്റീയര്‍സ് സഹകരിക്കുന്നത്.
ഇതിനിടെ ചില ആസ്റ്റര്‍ ജീവനക്കാരെ കാണാതായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ വ്യക്തമാക്കി.
ഉറ്റവരെയും ഉടയവരെയും നഷ്ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ആസ്റ്റര്‍ സംഘത്തിനും അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാന്‍ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അടിയന്തരവൈദ്യസഹായത്തിന് വയനാട് ജില്ലയിലുള്ളവര്‍ക്ക് 8111881234 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.