കോഴിക്കോട്: നാദാപുരം വളയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. സ്‌കൂളിന് നേരെ കല്ലേറാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.

തിങ്കളാഴ്‌ച്ച പുലർച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു. ഇന്ന് രാവിലെ സ്‌ക്കൂൾ അധികൃതർ എത്തിയപ്പോഴാണ് ഹെഡ് മിസ്ട്രസിന്റ ഓഫീസിനോട് ചേർന്ന ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തതായി കണ്ടത്.സ്‌കൂളിന് നേരെ ഉണ്ടായ ആക്രമണത്തിൽ സ്‌കൂൾ അധികൃതർ വളയം പൊലീസിൽ പരാതി നൽകി.

ഇതിന് പിന്നാലെ വളയം എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പ്രതികരിച്ചു.

ഈ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ സ്‌കൂളിന് നേരെ അക്രമം ഉണ്ടായിരുന്നു. അന്ന് കമ്പ്യൂട്ടറും കുടിവെള്ള പൈപ്പുകളും ഭക്ഷണ ശാല ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും സ്ഥലം മലിനമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.