കോട്ടയം: അയോധ്യയിൽ ബാബരി പള്ളി തകർത്തതുമായി ബന്ധപ്പെട്ട രാം കെ നാം ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞു. കോട്ടയം പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചത്. ബിജെപി പ്രവർത്തകർ പ്രദർശനം തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് ഡോക്യുമെന്ററി പ്രദർശനം നിർത്തിവെച്ചു.

വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്വർധൻ 1992 ൽ തയ്യാറാക്കിയതാണ് രാം കെ നാം ഡോക്യുമെന്ററി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ പ്രചാരണവും അതിന്റെ പരിണിത ഫലങ്ങളും വർഗീയ സംഘർഷങ്ങളുമാണ് ഡോക്യുമെന്ററിയിലെ പ്രമേയം.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത്. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിലും പൊലീസ് നടപടിയിലും അവസാനിച്ചത്. ബാബരി പള്ളിയുമായി ബന്ധപ്പെട്ട ഇരുവാദങ്ങളെയും സമഗ്രമായി വിലയിരുത്തുന്നതാണ് ഡോക്യുമെന്ററി.