മലപ്പുറം: ബാറിനകത്തിരുന്ന് ബിയർ കഴിക്കുന്നതിനിടെ കൂടുതൽ വെളിച്ചത്തിലുള്ള ലൈറ്റിട്ടത് ചോദ്യംചെയ്ത യുവാവിന് ബാർജീവനക്കാരുടെ ക്രൂരമർദനം. രണ്ട് കൈകളുടെ എല്ല് പൊട്ടുകയും തലക്ക് തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. തടയാൻചെന്ന മറ്റൊരാളുടെ തോളെല്ലിന് ക്ഷതമേറ്റു. തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു.

വടി കൊണ്ട് അടിച്ചും വടിവാൾ കൊണ്ട് വെട്ടിയും വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദേശീയപാത ചേലേമ്പ്രയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടൽ ജീവനക്കാരുടെ മർദനത്തിൽ രണ്ടാണ് പേർക്ക് ഗുരതര പരുക്കേറ്റത്. ഇവരുടെ പരാതിയിൽ ബാർ ജീവനക്കാർക്കെതിരെ തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി തൃക്കേക്കാട്ട് ലിജീഷ് (34), ഇയാളുടെ സൂഹൃത്ത് സുഹൈൽ എന്നിവർക്കാണ് പരുക്കേറ്റത്. ലീജീഷിന് രണ്ട് കൈകളുടെ എല്ല് പൊട്ടുകയും തലക്ക് തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. സൂഹൈലിന്റെ തോളെല്ലിനാണ് ക്ഷതമേറ്റത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിന് ആസ്പതമായ സംഭവം. ബാറിനകത്തിരുന്ന് ബിയർ കഴിക്കുന്നതിനിടെ കൂടുതൽ വെളിച്ചത്തിലുള്ള ലൈറ്റിട്ടതിനെ സുഹൈൽ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. ജീവനക്കാർ സഹൈലിനെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ജിനീഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും വടിവാൾ കൊണ്ട് വെട്ടിയും വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ആക്രമണം തടയുന്നതിനിടെയാണ് ഇരുകൈകൾക്കും പരുക്കേറ്റത്. വടിവാൾ കൊണ്ടുള്ള വെട്ടേറ്റാണ് തലക്ക് പരുക്കേറ്റതെന്നും ജിനീഷ് പറഞ്ഞു. ഇതിനിടെ ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടിയ സുഹൃത്തിനെ മൂന്ന് പേരടങ്ങുന്ന ജീവനക്കാർ റോഡിൽ വെച്ചും അടിച്ചു പരുക്കേൽപിച്ചതായും പരാതിയിൽ പറയുന്നു.

ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വാഷണം നടത്തി വരികയാണെന്ന് തേഞ്ഞിപ്പലം പൊലിസ് അറിയിച്ചു.