- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവാഭീതി ഒഴിയും മുമ്പേ കരടിയുടെ വിളയാട്ടം; വാകേരി പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു; കരടിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജനകീയ സമിതി
സുൽത്താൻ ബത്തേരി: കടുവാഭീതി ഒഴിയും മുമ്പേ വാകേരി പ്രദേശത്തെ ഭീതിയിലാഴ്ത്തി കരടിയുടെ ആക്രമണവും. വാകേരിയിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. സംഭവത്തിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വാകേരിയിൽ കരടിയുടെ ആക്രമണത്തിൽ കർഷകനായ മധ്യവയസ്കന് പരിക്കേറ്റത്. വാകേരി സുൽത്താൻ ബത്തേരി ഗാന്ധിനഗർ കുംബിക്കൽ അബ്രഹാമിനാണ് പരിക്കേറ്റത്.
കൈക്ക് പരിക്കേറ്റ അബ്രഹാം കൽപറ്റ കൈനാട്ടിയിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് വാകേരി സെ. ആന്റണീസ് ദേവാലയത്തിൽ ചേർന്ന ജനകീയ സമിതി യോഗം ചേർന്നു. ജനങ്ങൾക്ക് വഴി നടക്കാൻ കഴിയാത്ത വിധം ജനവാസ മേഖലകളിൽ വിഹരിക്കുന്ന കരടിയെ പിടികൂടാൻ വനം വകുപ്പ് സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നൂറുകണക്കിന് പേർ പങ്കെടുത്ത യോഗത്തിൽ പൂതാടി പഞ്ചായത്ത് പത്താം വാർഡ് മെംബർ സണ്ണി കൊച്ചുപുരക്കൽ, ഫാ. ജെയ്സ് പൂതക്കുഴി, സണ്ണി ചാമക്കാലയിൽ, ജയ്മോൻ ഇടക്കുളത്തിൽ, ജോയി അക്കരപറമ്പിൽ, ബേബി മാടപ്പാട്ട്, സിജോ പൈനയിൽ, ജിൻഷോ ഐക്കരോട്ട് എന്നിവർ സംസാരിച്ചു.
കരടിയെ കൂടു വെച്ച് പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പും ഉദ്യോഗസ്ഥരും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി, പാലക്കുറ്റി, ഗാന്ധിനഗർ, ചേമ്പുംകൊല്ലി, മൂടക്കൊല്ലി മേഖലകളിലാണ് കരടിഭീതി നിലനിൽക്കുന്നത്.
പ്രദേശത്ത് കാട്ടാന, കടുവശല്യം നിലനിൽക്കുന്നതിനിടെയാണ് കരടിയും ജനജീവിതത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് കരടിയെ നേരിൽ കണ്ടത്. കരടിയുടെ സാന്നിധ്യം അടിക്കടിയുണ്ടായതിനെ തുടർന്ന് വനപാലകരെ അറിയിച്ചെങ്കിലും ഒരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. കർഷകർക്ക് ഒട്ടനവധി നാശനഷ്ടങ്ങളാണ് കരടി വരുത്തിവെക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ