തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളികളുടെ ക്രിസ്തുമസ കുടിയും ഇക്കുറി പൊടിപൊടിച്ചു! ക്രിസ്മസിന് ബെവ്‌കോയിൽ ഇക്കുറി റെക്കോഡ് മദ്യവിൽപ്പനയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

ഡിസംബർ 22, 23 തീയതികളിൽ മാത്രം 84 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടി രൂപയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. ഇത്തവണ ക്രിസ്മസിന് ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റും മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്.

സാധാരണഗതിയിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കാറുള്ള തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഇപ്രാവശ്യം വിൽപ്പന നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം നോർത്ത് പറവൂരിലെ ഔട്ട്‌ലെറ്റിലാണ്.