തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് അരി നൽകാതെ വോട്ടിനായി ഭാരത് അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്ന് നേരിട്ട് ടെൻഡറിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിച്ചാണ് ഭാരത് അരിക്കുള്ള സംഭരണം കേന്ദ്രസർക്കാർ നടത്തുന്നത്. ഇതുമൂലം സപ്ലൈകോയും കൺസ്യൂമർഫെഡും വഴി കുറഞ്ഞനിരക്കിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. പൊതുവിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ വൻവിലക്കയറ്റത്തിനും ഇത് കാരണമാകും.

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം ( ഒഎംഎസ്എസ് ) ടെൻഡറിൽ പങ്കെടുക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയത്. ഭാരത് അരിക്കായി 10,000 ടൺ അരി കേന്ദ്രം കേരളത്തിലെ എഫ്‌സിഐ ഗോഡൗണിൽനിന്നായി അനുവദിച്ചിട്ടുണ്ട്.

കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യ വിഹിതം അനുവദിക്കാത്തതും ഓപ്പൺ മാർക്കറ്റ് ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്ന് സർക്കാരിനെയും സർക്കാർ ഏജൻസികളെയും വിലക്കിയതും പ്രതിസന്ധിയുണ്ടാക്കിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ കിലോയ്ക്ക് 29 രൂപ എന്ന നിരക്കിൽ ഭാരത് വിതരണം ചെയ്തത്. കേന്ദ്രസർക്കാർ ഏജൻസി വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. ഇത് വിവേചനമാണ്. ഇതിനെതിരെയാണ് കേരളം കോടതിയെ സമീപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരുവർഷം 14.25 ലക്ഷം മെട്രിക് ടൺ റേഷൻ ഭക്ഷ്യധാന്യംമാത്രമാണ് കേന്ദ്രം കേരളത്തിന് അനുവദിക്കുന്നത്. ഇതിൽ 10.26 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും 43ശതമാനം വരുന്ന മുൻഗണനാ വിഭാഗത്തിനാണ്. 57ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിനായി 3.99 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് നൽകുന്നത്. മുൻഗണേനതര കാർഡുകാർ 52.76 ലക്ഷമാണ്.