തിരുവനന്തപുരം: തലസ്ഥാനത്തെ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ നടൻ ബിജു പപ്പനും കുടുംബവും. പുലർച്ചെ ഒരുമണിയോടെ നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും വന്ന് വീടിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലായതെന്ന് ബിജു പപ്പൻ പറഞ്ഞു.

ഇനിയങ്ങോട്ട് വലിയ പ്രതിസന്ധികൾ പ്രദേശവാസികൾ നേരിടേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറാൻ സാധ്യതയുണ്ടെന്നാണ് ഒരുമണിയോടെ വീട്ടിലേക്ക് വന്നവർ പറഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു. അമ്പത് വർഷത്തോളമായി ഇവിടെ താമസിക്കുന്നു. ഇതുവരെ വീട്ടിൽ വെള്ളം കയറിയിട്ടില്ലായിരുന്നു. അടുക്കളഭാഗത്തേക്ക് നോക്കുമ്പോൾ വെള്ളം ഇരച്ചുകയറുകയാണ്. പുലർച്ചെ അഞ്ചുമണി ആയപ്പോഴേക്കും വീടിന്റെ മുൻവശത്തെ ചുവരുവരെ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഭാര്യയുടെ അച്ഛൻ സുഖമില്ലാതെ കിടക്കുകയാണ്. ജീവിതത്തിൽ ഇതാദ്യത്തെ അനുഭവമാണെന്നും ബിജു പപ്പൻ പറഞ്ഞു.

സാധാരണ മഴപെയ്ത് വെള്ളം കയറിയാൽ മഴനിന്ന് അധികം താമസിക്കാതെ വെള്ളമിറങ്ങും. ചുറ്റുമുള്ള പലരുടേയും അനുഭവം നമ്മൾ നേരിൽക്കണ്ടിട്ടുണ്ട്. ആമയിഴഞ്ചാൻ തോടിന്റെ ഇരുകരകളിലും ഇറിഗേഷൻ വകുപ്പ് അധികൃതർ മതിൽ കെട്ടിപ്പോയപ്പോൾ അതിനായെടുത്ത മണ്ണും തോടിന് നടുവിലിട്ടു. ആ മണ്ണ് നീക്കിയാൽത്തന്നെ ഒരുവിധം പ്രശ്‌നം മാറും. ഇപ്പോഴുണ്ടായത് വലിയ ബുദ്ധിമുട്ടാണ്. ഇനിയങ്ങോട്ട് വലിയ പ്രതിസന്ധികൾ പ്രദേശവാസികൾ നേരിടേണ്ടിവരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.