- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14വയസ്സുകാരൻ ബൈക്കോടിച്ച കേസിൽ പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി; 14കാരൻ പിടിയിലായത് അയൽവാസിയായ യുവതിയുടെ ബൈക്കുമായി കടങ്ങുന്നതിനിടെ
മലപ്പുറം: അയൽവാസിയായ യുവതിയുടെ ബൈക്കുമായി കടങ്ങുന്നതിനിടെ 14വയസ്സുകാരൻ പിടിയിലായ കേസിൽ തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടി വന്നത് കുട്ടിയുടെ പിതാവ് മാത്രമല്ല വാഹന ഉടമയായ യുവതിയും കൂടി. കുട്ടിയുടെ പിതാവ് കല്പകഞ്ചേരി കുറുക പൊട്ടേങ്ങൽ അബ്ദുൽ നസീർ (55)ന് മഞ്ചേരി ചീഫ് ജുഡീഷ്യ മജിസ്‌ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചപ്പോൾ ബൈക്ക് ഉടമയായ കല്പകഞ്ചേരി കൂട്ടുമൂച്ചിക്കൽ ഫൗസിയ (38) ക്ക് 5000 രൂപ പിഴയാണ് ശിക്ഷ ലഭിച്ചത്. ഇരുവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും മജിസട്രേറ്റ് എം എ അഷ്‌റഫ് വിധിച്ചു.
2022 സെപ്റ്റംബർ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. അയൽവാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാർത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു. വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എൻഫോഴ്‌സ്‌മെന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ മോട്ടോർ വെഹികിൾ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് റഫീഖ് കുട്ടിയെ കൈകാട്ടി നിർത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയായില്ലെന്നും ലൈസൻസില്ലെന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ രക്ഷിതാവിനും ആർസി ഉടമക്കും എതിരെ 1988ലെ മോട്ടോർവാഹന വകുപ്പിലെ 180, 199 എ വകുപ്പുകൾ പ്രകാരം കേസ്സെടുത്തത്. ഇരുവരും ഇന്നലെ കോടതിയിൽ പിഴയൊടുക്കുകയും വൈകീട്ട് അഞ്ചു മണി വരെ തടവ് അനുഭവിക്കുകയും ചെയ്തു.
അതേ സമയം ഇഷ്ടത്തിനനുസരിച്ച് സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്നവർക്കും ഹെൽമറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാർക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഇരുചക്ര വാഹനങ്ങളിൽ ഘടനാപരമായ മാറ്റം വരുത്തി കാന്തടിപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്ന ഫ്രീക്കന്മാർക്കാണ് ഉദ്യോഗസ്ഥർ പണി കൊടുക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തവരെ കേന്ദ്രീകരിച്ചും , ലൈസൻസില്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും, നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ മറ്റ് വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ കൂച്ചുവിലങ്ങ് ഇട്ടു.
കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്ത 2314, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ച് 25, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 116, ഇൻഷുറൻസ് ഇല്ലാത്തത് 648, സൈലൻസറുകൾ രൂപമാറ്റം വരുത്തിയത് 84, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര150, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ 101, ടാക്സ് അടക്കാത്തത് 115, മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ രജിസ്ട്രേഷൻ നമ്പറുകൾ ഫാൻസി രൂപത്തിലാക്കി പ്രദർശിപ്പിച്ചത് 71 തുടങ്ങി നിരത്തിലെ മറ്റ് നിയമലംഘനങ്ങൾ ഉൾപ്പെടെ 5120 നിയമലംഘനങ്ങൾക്ക് കേസെടുത്തു. ഗുരുതര നിയമലംഘനം നടത്തിയ 17 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.
ജില്ലാ ആർടിഒ സി വി എം ഷരീഫിന്റെ നിർദ്ദേശാനുസരണം എം വി ഐ മാരായ കെ നിസാർ, ഡാനിയൽ ബേബി, കെ എം അസൈനാർ, ബിനോയ് കുമാർ, പ്രിൻസ് പീറ്റർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, നിലമ്പൂര്, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, ഏറനാട് മഞ്ചേരി തുടങ്ങിയ ജില്ലയിലെ സംസ്ഥാന ദേശീയപാതകൾ കേന്ദ്രീകരിച്ചാണ് രാപ്പകൽ വിത്യസമില്ലാതെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് ജില്ല ആർടിഒ സിവി എം ഷരീഫ് പറഞ്ഞു.
വിഷു, ഈസ്റ്റർ, പെരുന്നാൾ, ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർടിഒ സിവി എം ഷരീഫ്. സ്വന്തം സുരക്ഷക്കും കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയും ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്നും സ്വന്തം മക്കൾ അപകടത്തിൽ പെടാതിരിക്കാനും കുട്ടി ഡ്രൈവർമാർ മൂലം മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനും ലൈസൻസ് ഇല്ലാത്ത കുട്ടികളുടെ കയ്യിൽ വാഹനം കൊടുത്തു വിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷാ നിയമങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും ആർ ടി ഒ സി വി എം ഷരീഫ് പറഞ്ഞു.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്