തൃശൂർ: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകളോട് മാപ്പുപറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

21 വയസായ സ്ത്രീയെ ബന്ധുക്കൾ നോക്കി നിൽക്കെ കൂട്ട ബലാൽസംഘത്തിനിരയാക്കിയതാണ് ബിൽക്കിസ് ബാനുവിന്റെ അനുഭവം. സ്വന്തം കൺമുന്നിൽ ഉറ്റവരെ കൊല്ലുന്ന കാഴ്ച അവർ കണ്ടു. ആ സ്ത്രീയെപ്പറ്റി ഒറ്റതുള്ളി കണ്ണീർ വീഴ്‌ത്താത്തതാണ് മോദി രാഷ്ട്രീയം. നരേന്ദ്ര മോദി തൃശൂരിൽ വന്ന് സ്ത്രീകളോട് പറഞ്ഞത് കാപട്യത്തിന്റെ കല്ലുവെച്ച ഉദാഹരണമാണ്. മോദി പറഞ്ഞ ഗ്യാരണ്ടികളെല്ലാം പൊള്ളയാണ്. ബിജെപിക്കും ആർഎസ്എസിനും മോദിക്കും പ്രത്യയ ശാസ്ത്രത്തിനും സ്ത്രീകളെ വെറുപ്പാണ്. ഒറ്റ സ്ത്രീകൾ പോലും ആർഎസ്എസ് സംഘടനയിലില്ല. ആർഎസ്എസ് സ്ത്രീ വിരുദ്ധത ഇത് തെളിയിക്കുന്നു.

തൃശൂരിൽ ബിജെപിയും കോൺഗ്രസുമാണ് മത്സരമെന്ന ടി എൻ പ്രതാപന്റെ പ്രസ്താവന പരാജയം ഉറപ്പാക്കപ്പെട്ടയാളുടെ ജൽപ്പനമാണ്. മൂന്നാം സ്ഥാനത്താവാതിരിക്കാൻ അദ്ദേഹം ശ്രമിക്കട്ടെ. കേരളത്തിൽ തൃശൂരിലുൾപ്പടെ 20 സീറ്റിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ മികച്ച വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.