- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിത അന്വേഷണം; തൃശൂരിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും സിപിഐ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം
കണ്ണൂർ : മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ കമ്പനിക്കുമെതിരെയുള്ള അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എക്സാലോജിക്കിനെതിരെയുള്ള അന്വേഷണത്തിൽ താൻ അഭിപ്രായം പറയാനില്ലെന്നു സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരമുള്ള അന്വേഷണം നടക്കട്ടെയെന്നാണ് ഈ കാര്യത്തിൽ പാർട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ളത് രാഷ്ട്രീയപ്രേരിതമായ അന്വേഷണമാണ്.
തൃശൂരിൽ ജയിക്കാൻ ബിജെപിക്ക് കഴിയില്ല. പാർട്ടി സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സിപിഐക്ക് നല്ല ശക്തിയുള്ള മണ്ഡലമാണ് തൃശൂർ അവിടെ ജയിക്കാമെന്ന് പറയുന്നത് ബിജെപി നേതാവിന്റെ മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന നിലപാടിൽ തന്നെയാണ് സിപിഐ. രാഹുൽ ഗാന്ധി നല്ല മനുഷ്യനാണ്. അദ്ദേഹം ബിജെപിയെയാണ് എതിർക്കുന്നതെങ്കിൽ ഉത്തരേന്ത്യയിൽ പോയി മത്സരിക്കണം. കമ്മ്യുണിസ്റ്റ് പാർട്ടികളെയാണ് എതിർക്കുന്നതെങ്കിൽ കേരളത്തിൽ മത്സരിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാജ്യത്ത് രൂപീകരിച്ച മതേതര ഇന്ത്യ മുന്നണി യെ ബിജെപി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അവർ അയോധ്യ വിഷയത്തെ രാഷട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത്. ബിജെപിയുടെ രാമനല്ല ഹൈന്ദവ വിശ്വാസികളുടെ രാമൻ. രാമായണത്തിലെ രാമൻ സർവസംഗപരിത്യാഗിയാണ്. മസ്ജിദ് പൊളിച്ച സ്ഥലത്ത് അമ്പലം പണിയണമെന്ന് രാമായണത്തിലെ രാമൻ പറയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസിനുള്ള പ്രസക്തി ഇപ്പോഴും തള്ളിക്കളയുന്നില്ല. ഇന്ത്യാ മുന്നണിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരു മുന്നണിയായി 30 പാർട്ടികളെ അണിനിരത്താൻ കഴിയുന്നത് രാജ്യത്ത് ബിജെപിക്കെതിരെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം പറഞ്ഞു.




